Sunday, March 2, 2008

‍സൈക്കിള്‍ [Cycle]



Movie - Cycle
Director - Johnny Antony
Producers - Thilakan Thandasseri, Sunny Kuruvila,Viswanathan Nair
Music - Majo Joseph
Lyrics - Anil Panachooran
Cast - Vineeth, Vinu Mohan, Bhama,Sandhya


സൈക്കിളിന്‍റെ ഒരു പ്രധാന ആകര്‍ഷണം വിനീത് ശ്രീനിവാസന്‍ ആയിരുന്നു. പാട്ടു പാടാന്‍ മാത്രമല്ല, അത്യാവശ്യം അഭിനയിക്കാനും കക്ഷിക്ക് അറിയാം. ശ്രീനിവാസന്റെ മാനറിസങ്ങള്‍ എല്ലാം ഉണ്ട്... അത് പിന്നെ അങ്ങിനെയല്ലേ വരൂ :)

ചിത്രത്തിന്റെ പോസ്റ്ററില്‍ എല്ലാം സൈക്കിള്‍ കാണുന്നത് കൊണ്ടു, അത് കാരണമാകും ടൈറ്റില്‍ വന്നത് എന്നാണ് വിചാരിച്ചിരുന്നത്..പക്ഷെ സംവിധായകന്‍, life cycle ആണ് ഉദ്ദേശിച്ചിരിക്കുന്നത്. ക്ലാസ്സ്മേറ്റ്സ് നു ശേഷം ജെയിംസ് ആല്‍ബര്‍ട്ട് ന്‍റെ സ്ക്രിപ്റ്റ്. സിനിമ ലോജിക്കല്‍ ആക്കാന്‍ മാക്സിമം ശ്രമിച്ചിട്ടുണ്ട്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാന്‍ പാടു പെടുന്ന രണ്ടു ചെറുപ്പക്കാര്‍ക്ക് കുറെ പൈസ കിട്ടുന്നതും തുടര്‍ന്നുള്ള സംഭവങ്ങളും ആണ് പ്രമേയം. വിനീത്, വിനു മോഹന്‍, ഭാമ, സന്ധ്യ എല്ലാവരും നന്നായിട്ടുണ്ട്. ജഗതിക്ക് പകരം ജഗതി മാത്രം.

മണ്ടത്തരങ്ങള്‍ കുറെ ഉണ്ടെങ്ങിലും, പുതു മുഖങ്ങളെ / യുവ താരങ്ങളെ വച്ചുള്ള ശ്രമം എന്ന നിലയിലും, ഒരു ഫ്രെഷ്നെസ് ഉള്ളതിനാലും, ഈ ഫില്മിനും പാസ്സ് മാര്‍ക്ക്‌ കൊടുക്കാം.

സൗണ്ട് ഓഫ് ബൂട്ട് [Sound Of Boot]




Movie : Sound of Boot
Director : Shaji Kailas
Production : Pyramid Saimira
Cast : Suresh Gopi, Honey, Murali, Riza Bava, Rajan.P.Dev,Bheeman Reghu


നിങ്ങള്‍ ഒരു സുരേഷ് ഗോപി കുറ്റാന്വേഷണ ചിത്രം ഇഷ്ടപ്പെടുന്ന ആള്‍ ആണോ? എങ്കില്‍ ഈ സിനിമയും നിങ്ങള്‍ക്ക് ഇഷ്ടപ്പെടും. ഫസ്റ്റ് ഹാഫ് കൊള്ളാം. ഒരു വ്യത്യസ്ഥത ഒക്കെ ഉണ്ട്. പക്ഷെ സെക്കന്‍റ് ഹാഫ് ഷാജി കൈലാസി ന്‍റെ കൈയ്യില്‍ നിന്നും വിട്ടുപോയി.എന്നാലും കണ്ടിരിക്കാവുന്ന സിനിമയുടെ കൂട്ടത്തില്‍ ഇതിനെയും കൂട്ടാം . [കഥയുടെ ലോജിക്ക് ചിന്തിച്ചു തല കുഴക്കണ്ടാ..ചുമ്മാ കണ്ടിരിക്കുക :)]

Friday, February 1, 2008

രൗദ്രം[Raudram]


Movie - Raudram
Story, Direction - Ranji Panicker
Producer - Shahul Hameed Marikkar, Anto Joseph
Cast - Mammootty, Saikumar, Rajan P Dev, Vijayaraghavan



ഒരു സാദാ "സുരേഷ് ഗോപി" പോലീസ് ചിത്രം. സുരേഷ് ഗോപിക്ക് പകരം മമ്മൂട്ടി ആണെന്ന് ഒഴിച്ചാല്‍ വേറെ ഒരു വ്യത്യാസവും ഇല്ല. കഥയിലും, കഥാപാത്രങ്ങളിലും, അഭിനേതാക്കളിലും, എന്തിന് സംഭാഷണത്തില്‍ പോലും. രണ്‍ജി പണിക്കരുടെ പതിവു ചിത്രങ്ങളെ പോലെ തന്നെ, ഒരു കൊലപാതകം അന്വേഷിക്കാന്‍ ഒരു പോലീസ് ഓഫീസര്‍ വരുന്നു...മുന്‍കോപി, മേലുദ്യോഗസ്ഥരെ തെറി വിളിക്കുന്നവന്‍, അവരെ തല്ലുന്നവന്‍.. പക്ഷെ ആള് സത്യസന്ധന്‍...അന്വേഷണത്തിനിടക്ക് അയാള്‍ ചെന്നെത്തുന്ന ഓരോ ആളുകളും കൊല്ലപ്പെടുന്നു...ഇടയ്ക്ക് മുഖ്യമന്ത്രിയുടെ ഒരു ഡയലോഗ്, ഏതാണ്ട് ഇതു പോലെ..."ഒരു കൊലപാതകം അന്വേഷിക്കാന്‍ പുറപ്പെട്ടിട്ട്, ഇതിപ്പോ എത്രാമത്തെ കൊലപാതകം ആണ്? എട്ടോ അതോ പത്തോ?". ഇതേ ഡയലോഗ് ഇതിന് മുന്‍പ് രണ്ജിയുടെ തന്നെ പല ചിത്രങ്ങളിലും കേട്ടതായി ഓര്‍ക്കുന്നില്ലേ? ഇതുപോലെ ഒരേ അച്ചില്‍ വാര്‍ത്ത പല സംഭാഷണങ്ങളും ഉണ്ട് ചിത്രത്തില്‍.

SP, IG എന്നിവരുടെ ഓഫീസ് റൂം എന്ന് പറഞാല്‍ അവര്‍ക്ക് ഇരുന്നു മദ്യപിക്കാന്‍ ഉള്ള സ്ഥലം ആണെന്നാണോ രണ്‍ജി പണിക്കരുടെ വിചാരം? രാവിലെ ഓഫീസില്‍ വന്നാല്‍ അവര്‍ അവിടെ ഇരുന്നു മദ്യപാനം തുടങ്ങുകയായി! ലാലു അലെക്സിന്‍റെ റോള്‍ എന്തിനായിരുന്നു?

പതിവു പോലെ ഇതും ഒരു വണ്‍ മാന്‍ ഷോ ആണ്. നമ്മുടെ നായകന്‍, നടുറോഡില്‍ വച്ചു പോലീസുകാരനെ തല്ലി അവശത ആക്കുന്നു, പോലീസ് IG യെ അദ്ദേഹത്തിന്‍റെ ഓഫീസ് മുറിയില്‍ വച്ചു ഇടിച്ചു പരിപ്പെടുക്കുന്നു..ഹൊ! എന്തൊക്കെ കാണണം?

സിനിമയിലെ മുഖ്യമന്ത്രി കഥാപാത്രത്തിനു അച്യുതാനന്ദന്റെ നല്ല സാമ്യം. അദ്ദേഹത്തിനെതിരെ സമകാലീന രാഷ്ട്രീയ സംഭവങ്ങള്‍ വച്ചു ഡയലോഗ്ഗുകളും ഉണ്ട് .

മമ്മൂട്ടി നന്നായിട്ടുണ്ട്, ഡയലോഗ് ഡെലിവറിയിലും, മൊത്തത്തിലുള്ള ആ സ്ടി ലും . മമ്മൂട്ടി ഫാന്‍സിനും, പിന്നെ ചെറുപ്പക്കാര്‍ക്കും ചിത്രം ഇഷ്ടപ്പെട്ടെക്കാം. വേറെ പ്രത്യേകിച്ച് ഗുണം ഒന്നും ഇല്ല ഈ സിനിമയ്ക്കു. ങാ, പിന്നെ പാട്ടുകള്‍ ഒന്നും ഇല്ല എന്നത് ഒരു ഗുണം ആയി തോന്നുന്നു :)

Wednesday, January 30, 2008

കല്‍ക്കട്ട ന്യൂസ് [Calcutta News]


Movie - Calcutta News
Story, Screenplay, Direction - Blessy
Producer - Thampi Antony
Music - Debjyothi Mishra
Cast - Dileep, Meera Jasmine




ബ്ലെസിയുടെ നാലാമത് ചിത്രം. കാഴ്ച, തന്മാത്ര, പളുങ്ക് എന്നിവ കേരളത്തിലെ ഇടത്തരക്കാരുടെ കഥയാണ് പറഞ്ഞതെങ്കില്‍, കല്‍ക്കട്ട ന്യൂസ്, കല്‍ക്കട്ട തെരുവുകളിലെ കഥ പറയുന്നു. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം ബ്ലെസി ആണെന്നത് കൊണ്ടു തന്നെ, സ്വാഭാവികമായും പ്രതീക്ഷയും വളരെ കൂടുതലായിരുന്നു.
"കല്‍ക്കട്ട ന്യൂസ്" അവിടത്തെ ഒരു ന്യൂസ് ചാനല്‍ ആണ്. അജിത്‌[ ദിലീപ്] അവിടെ ജോലി ചെയ്യുന്ന റിപ്പോര്‍ട്ടര്‍ cum ജെര്‍ണലിസ്റ്റും. നവരാത്രി ആഘോഷങ്ങള്‍ കവര്‍ ചെയ്യുന്നതിനിടയില്‍ യാദൃശ്ചികമായി ഒരു മലയാളി ദമ്പതിമാരെ കാണുന്നു. പിന്നീട് ന്യൂസ് എഡിറ്റു ചെയ്യുമ്പോള്‍, അതിലെ ഭര്‍ത്താവ്( ഇന്ദ്രജിത്ത് ) കൊല്ലപ്പെട്ടതായി വാര്‍ത്ത കാണുന്നു. അതിന് പിന്നിലെ സമസ്യകള്‍ ആണ് ഈ സിനിമ ചര്‍ച്ച ചെയ്യുന്ന പ്രമേയം. കല്‍ക്കട്ടയിലെ ചുവന്ന തെരുവുകളും, അതില്‍ അകപ്പെട്ടു പോകുമായിരുന്ന ഒരു പെണ്‍കുട്ടിയെ രക്ഷപ്പെടുതുന്നതും ആണ് കഥ. കല്‍ക്കട്ടയിലെ സോനാഗാച്ചിയില്‍ പക്ഷെ ചുവന്ന തെരുവ് ഒക്കെ ഉണ്ടെന്നുള്ള കാര്യം ഒരു മാധ്യമ പ്രവര്‍ത്തകനായിട്ടുപോലും നായകന് അറിഞ്ഞുകൂടായിരുന്നോ?

ഈ യാത്രക്കിടയില്‍ അന്നത്തെ ദാമ്പതികളിലെ ഭാര്യയുമായി (മീര ജാസ്മിന്‍ ) അജിത്‌ പ്രണയത്തില്‍ ആകുന്നു. അവരുടെ പ്രണയ രംഗങ്ങള്‍ ചിലത് മിതത്വം പുലര്‍ത്തിയെങ്കിലും, പലയിടത്തും പൈങ്കിളി നിലവാരത്തിലേക്ക് പോയി...പ്രത്യേകിച്ചും ഇഞ്ചക്ഷന്‍ എടുക്കുന്ന സീനിലും മറ്റും .

സിനിമയില്‍ മന്ത്രവാദവും മറ്റും കാണിച്ചിരിക്കുന്നത്‌ എന്തിനാണെന്ന് പിടി കിട്ടുന്നില്ല? ഇതുകൊണ്ട്‌ സംവിധായകന്‍ എന്താണ് ഉദ്ദേശിച്ചിരിക്കുന്നത് എന്നും .

ഈ ചിത്രം കാണുമ്പൊള്‍ കല്‍ക്കട്ട നഗരത്തിന്‍റെ ഒരു നേര്‍ കാഴ്ച നമുക്കു കിട്ടുന്ന്നു. ക്യാമറ ചലിപ്പിച്ച S കുമാര്‍ നെ എത്ര അഭിനന്ദിച്ചാലും പോര. excellent! പശ്ചാത്തല സംഗീതം നല്‍കിയിരിക്കുന്നത്‌ ഔസേപ്പച്ചന്‍ , അതും എടുത്തു പറയേണ്ടതാണ്‌ . പാട്ടുകളും മനോഹരമായിട്ടുണ്ട് . പക്ഷെ , പലപ്പോഴും അത് ആസ്ഥാനതയിപ്പോയി :)

എന്നിരുന്നാലും, ബ്ലെസി സ്കോര്‍ ചെയ്തിട്ടുണ്ട്. മൊത്തത്തില്‍ നല്ല സിനിമയുടെ ലിസ്ടിലേക്ക് ഒന്നു കൂടെ കൂട്ടാം

Monday, January 14, 2008

ഫ്ലാഷ് [Flash]







Movie - Flash
Director - Sibi Malayil
Producer - Tomichan Mulakupadam
Music - Gopi Sundar
Cast - Mohanlal, Parvathy, Indrajith






നമ്മുടെ സംവിധായകര്‍ക്ക്‌ എന്ത് പറ്റി?
സിബി മലയില്‍, ജോഷി ഒക്കെ കഴിവുള്ളവരാണെന്ന് എല്ലാവരും സമ്മതിക്കും. പക്ഷെ ഈയിടെ ഇവരുടെ സിനിമകള്‍ക്കൊന്നും തീരെ നിലവരമില്ലെന്നു പറയേണ്ടിവരും. മലയാളത്തിലെ നല്ല സിനിമകളുടെ ലിസ്റ്റ് എടുത്താല്‍, അതില്‍ സിബിയുടെ ചിത്രങ്ങള്‍ തീര്‍ച്ചയായും ഉണ്ടാകും. അദ്ദേഹം തന്നെയാണ് ഈ ഫ്ലാഷും ഒരുക്കിയിരിക്കുന്നത് എന്ന് വിശ്വസിക്കാന്‍ പ്രയാസം. അത്ര മാത്രം തല്ലിപ്പൊളി ആണ് ചിത്രം. നല്ല കഥ ഇല്ലാത്തതാണോ പ്രശ്നം? നമ്മുടെ മലയാള സാഹിത്യം മരിച്ചോ?അതോ നല്ല തിരക്കഥകൃത്തുക്കള്‍ ഇല്ലതതോ? അതും സമ്മതിക്കാന്‍ പ്രയാസം. മലയാള സാഹിത്യത്തിനു അത്ര മാത്രം ദാരിദ്രമോ? ഒരു പക്ഷെ കഴിവുള്ളവര്‍ക്കു ഇവിടെ അവസരം ലഭിക്കുന്നുണ്ടാകില്ല. എവിടെയാണ് മലയാള സിനിമയുടെ പ്രതിസന്ധി? സിനിമയിലെ രാഷ്ട്രീയവും ലോബിയും ആണോ? ചിന്തിക്കേണ്ടിയിരിക്കുന്നു. ഒരു സിനിമ വ്യവസായത്തിന് അമ്മ, മാക്ട തുടങ്ങി അനവധി സംഘടനകള്‍ ഉണ്ട്. അതിലനെന്കില്‍ രാഷ്ട്രീയക്കാരെ നാണിപ്പിക്കുന്ന പടലപ്പിണക്കങ്ങളും!



മലയാളത്തില്‍ ഈയിടെയായി നിരവധി ഗായകര്‍ രംഗത്ത് വരുന്നുണ്ട്. അതിനൊരു പ്രധാന കാരണം യേശുദാസ് ഗാനങ്ങളുടെ എണ്ണം കുറച്ചത്‌ തന്നെയാണ് .യേശുദാസ് ഇപ്പോഴും ആക്റ്റീവ് ആയി രംഗത്ത് ഉണ്ടെങ്ങില്‍ ഇവരില്‍ പകുതിപ്പേര്‍ പോലും രക്ഷപ്പെടുമായിരുന്നില്ല. ഗാന ഗന്ധര്‍വന്‍റെ ഏഴയലത്തു എത്താന്‍ പോലും പുതിയ ഗായകര്‍ക്ക്‌ ആര്‍ക്കും പറ്റിയിട്ടുമില്ല. എന്നിരുന്നാലും അദ്ദേഹം ഒരു നല്ല കാര്യം തന്നെയാണ് ചെയ്യുന്നത്. മറ്റുള്ളവര്‍ക്കും അവസരം കൊടുക്കുക, നല്ല ഒരു രണ്ടാം നിരയെ വളര്‍ത്തിയെടുക്കുക... നമ്മുടെ സൂപ്പര്‍ സ്റ്റാര്‍ മാരും ഈ രീതി പിന്തുടരെണ്ടിയിരിക്കുന്നു . മമ്മൂട്ടിയും മോഹന്‍ലാലും ഒക്കെ എന്തിനാണ് ഈ വക ചവറു പടങ്ങളില്‍ അഭിനയിക്കുന്നത്? മമ്മൂട്ടിക്ക് നസ്രാണി, പോത്തന്‍ വാവ... മോഹന്‍ലാലിന് റോക്ക് n റോള്‍ , ഫ്ലാഷ് അങ്ങിനെ നിരവധി ചിത്രങ്ങള്‍. അവരും സെലെ ക്ടിവേ ആകെണ്ടിയിരിക്കുന്നു . അവര്‍ രണ്ടുപേരും മലയാളത്തിലെ എക്കാലത്തേയും മികച്ച നടന്മാര്‍ ആണെന്ന് ആരുടെയും സര്‍ട്ടിഫിക്കറ്റ്‌ ആവശ്യമില്ല .....പക്ഷെ അത് തെളിയിക്കാന്‍ വര്‍ഷത്തില്‍ ആറും ഏഴും ചിത്രങ്ങളില്‍ അഭിനയിക്കണം എന്നില്ല ,നല്ല ഒന്നോ രണ്ടോ ചിത്രങ്ങള്‍ മതി.



മോഹന്‍ലാല്‍ അഭിനയിച്ച്‌, സിബി മലയില്‍ സംവിധാനം ചെയ്ത ഫ്ലാഷ് കണ്ടപ്പോള്‍ ഉണ്ടായ അഭിപ്രായമാണ് മേല്‍ പറഞ്ഞത്. ഈ ചിത്രത്തില്‍ മോഹന്‍ലാലും മോശം ആയി എന്ന് പറയേണ്ടി വരും. "നോട്ട് ബുക്ക്" ഫെയിം പാര്‍വതി ആണ് നായിക എന്ന് കേട്ടപ്പോള്‍ ആദ്യം ഒന്നു പേടിച്ചു, ഇനി മോഹന്‍ലാലിന്‍റെ നായിക ആയിട്ട് എങ്ങാനും ആണോ അഭിനയിക്കുന്നത് എന്ന്! . ഭാഗ്യത്തിന് അതുണ്ടായില്ല. ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയുടെ CEO, മനശ്ശാത്രന്ജന്‍ തുടങ്ങി അനവധി പണികള്‍ ഉള്ളയാളാണ് ഇതിലെ നായകന്‍...എന്തിനാണോ എന്തോ ഇങ്ങിനെ നായകനെ സകലകലാവല്ലഭന്‍ ആക്കുന്നത്! അവസാനം നായകന്‍ ഒരു കുറ്റാന്വേഷണം കൂടെ നടത്തുന്നുണ്ട്. നായിക വലിച്ചെറിയുന്ന ഷാളില്‍ നിന്നും interval എന്ന് എഴുതി വരുന്നതു മാത്രമാണ് ആദ്യ പകുതിയിലെ ഏക നല്ല സീന്‍. അപ്പൊ ബാക്കി എങ്ങിനെയുണ്ടായിരുന്നു എന്ന് ഊഹിക്കാമല്ലോ!. പാട്ടുകള്‍ ( രചന , സംഗീതം, ച്തിത്രീകരണം എല്ലാം) പരമ ബോറയിട്ടുണ്ട്. ചിത്രത്തില്‍ പലയിടത്തും ഒരു മണിച്ചിത്രത്താഴ് ഹാങ്ങ്‌ ഓവര്‍ ഉണ്ട്.



സിബി മലയിലിനോട് ഒരു അപേക്ഷ ഞങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്ക്‌ നിങ്ങളെ പോലുള്ള സംവിധായകരില്‍ ആണ് പ്രതീക്ഷ. ഈ വക തല്ലിപ്പോളി പടങ്ങള്‍ ചെയ്തു അത് തകര്‍ക്കരുത്‌. പ്ലീസ് ...

Monday, December 31, 2007

റോമിയോ[ Romeoo]



Movie : Romeo
Director : Rafi and Mecartin

Producer : Shafi

Script : Rafi - Mekkartin
Music : AlexPaul
Cast : Dileep,Samvrutha,VimalaRaman, Shruthi


ഒരു TV അഭിമുഖത്തില്‍ രാജസേനന്‍ ഈ സിനിമയെ പറ്റി പരാമര്‍ശിക്കുന്നത് കേട്ടിരുന്നു, ദിലീപിന്‍റെ ഡേറ്റ് കിട്ടിയ ശേഷം ആണ് കഥ ആലോചിച്ചു തുടങ്ങിയതെന്ന്!. അതിന്‍റെ ഒരു പോരായ്മ ഈ സിനിമയ്ക്കു ഉണ്ട്. രാജസേനന്‍റെ സമീപകാല ചിത്രങ്ങള്‍ വളരെ മോശം ആയിരുന്നെങ്കിലും, റാഫി-മെക്കാര്‍ട്ടിന്‍ ടീം ആയി വീണ്ടും ചേരുന്നത് പ്രതീക്ഷ ഉയര്‍ത്തിയിരുന്നു. പക്ഷെ തിരക്കഥ കുറച്ചു കൂടെ strong ആകേണ്ടിയിരുന്നു. മനുവിനെ (ദിലീപ്) മൂന്നു പെണ്‍കുട്ടികള്‍( വിമല രാമന്‍, സംവൃത, ശ്രുതി ലക്ഷ്മി ) ഇഷ്ടപ്പെടുന്നതും കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്നതും ആണ് കഥ. എന്നാല്‍ മനു ഇതില്‍ ആരെയാണ്‌ കല്യാണം കഴിക്കുക എന്ന്, സിനിമ പകുതി വഴി എത്തുമ്പോള്‍ തന്നെ, നമുക്കു മനസ്സിലാകും, അവസാനം എങ്ങിനെയായിരിക്കുമെന്നും...


ഇതില്‍ എമ്പാടും ഉള്ള one liners തീയറ്ററില്‍ ചിരി ഉണര്‍ത്തുന്നുണ്ട് . സുരാജ് വെഞ്ഞാരമൂടിനെ സംവിധായകന്‍ കയറൂരി വിട്ടിരിക്കുകയാണ്. കൊമാളിത്തരമല്ല ഹാസ്യം എന്ന് അറിയാവുന്നവര്‍ തന്നെ അങ്ങിനെ കാണിക്കരുത്. ഒരു കഥാപാത്രത്തിനും സ്വന്തം വ്യക്തിത്വം ഇല്ല. കോമഡി - ക്ക് വേണ്ടി എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു. എന്നിരുന്നാലും , തന്‍റെ സ്വതസിദ്ധമായ ടൈമിംഗ് കൊണ്ടു ദിലീപ് മികച്ചു നില്ക്കുന്നു. പാട്ടുകളും ഹൃദ്യം. "കിളിച്ചുണ്ടന്‍" എന്ന് തുടങ്ങുന്ന ഗാനം സിനിമ കഴിഞ്ഞാലും നമ്മുടെ കൂടെ പോരും. ( സിനിമയുടെ അവസാനം അത് ഒന്നുകൂടെ കാണിക്കുന്നത് കൊണ്ടല്ല!) ഗാനശില്പികള്‍ - അലക്സ് പോള്‍ , ശരത് വയലാര്‍.


ഇതിന്‍റെ കൂടെ ഇറങ്ങിയ മറ്റു ചിത്രങ്ങളും വലിയ മെച്ചം ഇല്ലാത്തതു കൊണ്ടു സിനിമ collect ചെയ്യുമായിരിക്കും , പക്ഷെ രാജസേനന്‍റെ സമയം ഇപ്പോഴും ശരിയായിട്ടില്ല. റാഫി-മെക്കാര്‍ട്ടിന്‍ മാര്‍ കുറച്ചുകൂടെ സമയം എടുത്തു തിരക്കഥ എഴുതിയിരുന്നെങ്കില്‍ ഇതു മറ്റൊരു ഹിറ്റ് ആയി മാറുമായിരുന്നു !

Thursday, December 27, 2007

കഥ പറയുമ്പോള്‍[ Katha Parayumbol]



Movie : Katha Parayumbol
Director : M.Mohanan

Script : Sreenivasan
Producer : Mukesh, Sreenivasan
Music :M.Jayachandran
Cast : Sreenivasan, Mammootty, Meena


script ശ്രീനിവാസന്‍ എന്ന് കേള്‍ക്കുമ്പോള്‍, സ്വാഭാവികമായും പ്രതീക്ഷകള്‍ വാനോളമായിരിക്കും. ഒരു പക്ഷെ അത് കാരണമായിരിക്കാം, സിനിമ ഇതിലും നന്നാക്കാമായിരുന്നു എന്ന് തോന്നിയത്. എന്നിരുന്നാലും, സമീപകാല മറ്റു ചിത്രങ്ങളെ അപേക്ഷിച്ച്, ഇതു ഒരു പടി മുന്നില്‍ നില്ക്കുന്നു.


മലയാള സിനിമയില്‍നിന്നും നഷ്ടമായിക്കൊണ്ടിരിക്കുന്ന ഗ്രാമീണ പശ്ചാത്തലം ഇതില്‍ കാണാം. പണ്ടത്തെ സത്യന്‍ - ശ്രീനി സിനിമകളെ ഓര്‍മപ്പെടുത്തും വിധം, ബാര്‍ബര്‍ (ശ്രീനിവാസന്‍, ജഗദീഷ് ), ചായക്കടക്കാരന്‍(മാമുക്കോയ), പൊതുശല്യം കവി (സലിം കുമാര്‍), രാഷ്ട്രീയക്കാരന്‍ ഒക്കെ ഉണ്ട് ഈ സിനിമയില്‍, പക്ഷെ പണ്ടത്തെ അത്ര രസിപ്പിക്കുന്നില്ല . എന്നാല്‍ അത്ര മോശമായിട്ടുമില്ല.


മമ്മൂട്ടി ഒരു ഗസ്റ്റ് റോളില്‍ ആണ് അഭിനയിച്ചിരിക്കുന്നത്, അശോക് രാജ് എന്ന സൂപ്പര്‍ സ്റ്റാര്‍ ആയി. അശോക് രാജിനെ അന്ധമായി ആരാധിക്കുന്ന ഒരു പറ്റം ആള്‍ക്കാരുള്ള നാടാണ്‌ "മേലുകാവ്". അങ്ങോട്ട് ഒരു ഷൂട്ടിങ്ങിനു ആയി അദ്ദേഹം എത്തുന്നതും, ബാര്‍ബര്‍ ബാലന്‍ (ശ്രീനിവാസന്‍) അശോക് രാജിന്റെ സുഹൃത്ത് ആണെന്ന് നാട്ടില്‍ പാട്ടാകുന്നതും, തുടര്‍ന്നുള്ള സംഭവങ്ങളും ആണ് കഥ .


സംവിധായകന്‍ R മോഹനന്റെ ആദ്യത്തെ ചിത്രം ആണ് ഇത്. സംവിധായകന്റെ റോള്‍ അദ്ദേഹം മോശമാക്കിയിട്ടില്ല. സുകുമാറിന്റെ ക്യാമറയും excellent. "വ്യത്യസ്ഥനാം ഒരു" എന്ന് തുടങ്ങുന്ന ഗാനം രചന കൊണ്ടും, സംഗീതം കൊണ്ടും മികച്ചു നില്ക്കുന്നു. സംഗീതം നല്‍കിയിരിക്കുന്നത്‌ പി ജയചന്ദ്രന്‍. ഗാന രചന അനില്‍ പനച്ചൂരാന്‍ ആണോ ഗിരീഷ് ആണോ എന്ന് ഉറപ്പില്ല.


അടിയും ഇടിയും ലഹലയും ബഹളവും ഒന്നും ഇല്ലാത്ത ഒരു സാധാരണ ഗ്രാമീണ ചിത്രം .